മങ്കൊമ്പ്: കർഷകർക്ക് വളവും സബ്സിഡിയും ലഭിക്കാൻ ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ എന്ന ഡിജിറ്റൽ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദേശം കുട്ടനാട്ടിലെ കർഷകരെ പ്രതിസന്ധിയിലാക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്ററും ഗവൺമെന്റ് ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് എംഎൽഎ.
കരം അടച്ച രസീതും ആധാർകാർഡും മൊൈബൽ ഫോണുമായി അക്ഷയ കേന്ദ്രത്തിലും കൃഷി ഭവനിലും പോയി രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ മാത്രമേ വളത്തിന് സബ്സിഡി ലഭിക്കൂ എന്നത് നിലവിലുള്ള സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഭൂരിപക്ഷം കർഷകരിൽ പലരും സ്ഥലത്തില്ല. ഉടമകളുടെ ഫോൺ നമ്പരിലാണ് ഒടിപി വരിക.
അതിനാൽ രജിസ്ട്രേഷൻ എടുക്കുന്നത് അപ്രായോഗികമാണ്. 165 കിലോ വളത്തിന് മാത്രമേ സബ്സിഡി നല്കുകയുളളൂ. ബാക്കി വേണ്ടുന്ന വളത്തിന് അമിത വില നല്കേണ്ടി വരും. കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ അമ്ളാംശം വളരെ കൂടുതൽ ആയതുകൊണ്ട് കൂടുതൽ അളവിൽ വളം ഇട്ടെങ്കിൽ മാത്രമേ വിളവ് ലഭിക്കു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെല്ലിന്റെ വില ക്വിന്റലിന് 3,500 രൂപയായി വർദ്ധിപ്പിക്കണമെന്നും കൈകാര്യച്ചെലവ് ക്വിന്റലിന് 200 രൂപയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ചമ്പക്കുളം മണ്ഡലം കമ്മിറ്റി റെജി ചെറിയാൻ എംഎൽഎക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജോസഫ്കുഞ്ഞ് എട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ഉന്നതാധികാരി സമിതി അംഗങ്ങളായ ജോസ് കോയിപ്പള്ളി, സണ്ണി തോമസ് കളത്തിൽ, ജോസ് കാവനാട്, സാബു തോട്ടുങ്കൽ, ജെയ്സ് ജോൺ വെട്ടിയാർ, സംസ്ഥാന സെക്രട്ടറിമാരായ സി.ടി. തോമസ് കാച്ചാംകോടം, ജോബിൾ പെരുമാൾ, കെ. ശ്രീകുമാർ, ലവ്ലേഷ് കുമാർ, ലിബിമോൾ വർഗീസ്, കെ.വി. ജോസഫ്, സുജ ട്രീസ ബേബി, സോണിച്ചൻ മുടന്താഞ്ഞിലി എന്നിവർ പ്രസംഗിച്ചു.